ഖിലാഫത് നിർത്തലാക്കൽ

ഖലീഫമാർ നേതൃത്വം നൽകിയ വൻ വിജയങ്ങൾ ലോക ചരിത്രത്തിലെ മഹാ സംഭവങ്ങളാണ്.

ഉമർ (റ) വിന്റെ കാലത്ത് നടന്ന ഖാദിസിയ്യ, മദാഇൻ, ശാം, ഫലസ്തീൻ, ഈജിപ്ഷ്യൻ വിജയങ്ങൾ,

അബ്ബാസി കാലത്തെ ഏഷ്യാ മൈനർ, മലാദ്കർ (മാൻസികർദ്) വിജയങ്ങൾ,

ഉസ്മാനികളുടെ കാലത്തെ യൂറോപ്യൻ, കോൺസ്റ്റാന്റിനോപ്പിൾ വിജയങ്ങൾ എന്നിവ അവയിൽ പ്രധാനമാണ്.

അക്കൂട്ടത്തിൽ കോൺസ്റ്റാന്റിനോപ്പിൾ വിജയത്തിന് വലിയ തിളക്കമുണ്ട്.



ബൈസാന്റൈൻ ഭരണകൂടത്തിന്റെ തലസ്ഥാനമായിരുന്ന ഖുസ്ത്വൻത്വീനിയ (قُسْطَنْطِينِيَة - കോൺസ്റ്റാന്റിനോപ്പിൾ) മുസ്‌ലിംകൾ കീഴടക്കുമെന്ന് നബി ﷺ സന്തോഷ വാർത്ത അറിയിച്ചിരുന്നു.

അറബികൾക്ക് മേൽ ആധിപത്യം സ്ഥാപിക്കുകയും അവരെ അടിമകളായി പരിഗണിക്കുകയും ചെയ്ത റോമൻ ഭരണാധികാരികളോടുള്ള യുദ്ധവും അവരുടെ തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കാനുള്ള ശ്രമവും ഖുലഫാഉ റാശിദുകളുടെ കാലത്ത് ആരംഭിച്ചിരുന്നു.

എന്നാൽ അത് പൂർണ്ണ വിജയത്തിലെത്തിയത് ഉസ്മാനികളുടെ കാലത്താണ്.


എ.ഡി 1451 മുതൽ ഭരണം നടത്തിയ ഉസ്മാനി ഖലീഫ മുഹമ്മദുൽ ഫാത്തിഹാണ് (مُحَمَّدُ الْفَاتِحْ) കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയത്.

എൻപതിനായിരം (80000) അംഗങ്ങളുള്ള ഒരു വലിയ സൈന്യവുമായി അദ്ദേഹം പട്ടണം ഉപരോധിക്കുകയും അവസാനം കീഴടക്കുകയും ചെയ്തു.

അതിന് ഇസ്‌ലാംബൂൾ (ഇസ്‌ലാമിക രാഷ്ട്രം) എന്ന് പേരിട്ടു.

അത് ലോപിച്ച് ഇസ്താൻബൂൾ എന്നായി.

ഉസ്മാനികൾ ഇസ്താംബൂളിനെ തലസ്ഥാന നഗരിയാക്കി.

അതോടെ ഇസ്താൻബൂൾ ഖിലാഫത്തിന്റെ പുതിയ തലസ്ഥാനമായി.

മദീന, കൂഫ, ദിമശ്ഖ്, ബഗ്ദാദ്, അൽ-ഖാഹിറ (കെയ്റോ) എന്നിവയാണ് മുൻ തലസ്ഥാനങ്ങൾ.


അവിടെ മനോഹരമായ മസ്ജിദുകളും മദ്റസകളും

ആശുപത്രികളും സത്രങ്ങളും മറ്റും പണിത് വികസിപ്പിക്കുകയും ചെയ്തു.

ജാമിഉ അബീ അയ്യൂബ് (جَامِعُ أَبِي أَيُّوب), ജാമിഉ ഫാത്തിഹ് (جَامِعُ فَاتِح) എന്നിവ അവയിൽ പ്രധാനപ്പെട്ടവയാണ്.

റോമക്കാർ പണിത 'അയോസോഫിയ' മുഹമ്മദുൽ ഫാത്തിഹ് നാല് മിനാരങ്ങൾ പണിത് മസ്ജിദാക്കി മാറ്റി.


പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഉസ്മാനി രാഷ്ട്രം ക്ഷയിച്ചു തുടങ്ങി.

ഉസ്മാനി ഖിലാഫത് ക്ഷയിക്കാൻ കാരണം

സാമുദായിക സംഘർഷങ്ങൾ

കഴിവുള്ള ഭരണാധികാരികളുടെ കുറവ്

തുടരെത്തുടരെയുള്ള യുദ്ധങ്ങൾ

യൂറോപ്യൻ കൊളോണിയലിസത്തിന്റെ അധിനിവേശം തുടങ്ങിയ കാരണങ്ങളാൽ ഉസ്മാനിയ്യ ഖിലാഫത്ത് ക്ഷയിച്ചു.


1912 - 13 കാലത്തെ ബാൽക്കൻ യുദ്ധത്തെ തുടർന്ന് ഇസ്താൻബൂൾ മുതൽ ഊർന വരെയുള്ള പ്രദേശങ്ങളൊഴികെയുള്ള യൂറോപ്യൻ മേഖലകൾ മുഴുവനും ഉസ്മാനികൾക്ക് നഷ്ടപ്പെട്ടു.

1914-ൽ നടന്ന ഒന്നാം ലോക മഹായുദ്ധത്തിൽ തുർക്കി ജർമ്മനിയുടെ പക്ഷത്തായിരുന്നു.

1918-ൽ ജർമ്മനി പരാജയപ്പെട്ടതോടെ 1920 മാർച്ച് 16-ന് സഖ്യ സൈന്യം ഇസ്താംബൂളിൽ പ്രവേശിച്ചു.

അവർ തുർക്കി വീതിച്ചെടുക്കാൻ തീരുമാനിച്ചു. എന്നാൽ അപ്പോഴേക്കും മുസ്ത്വഫാ കമാൽ പാശയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമരം ആരംഭിച്ചിരുന്നു.

1922-ഓടെ തുർക്കികൾ എല്ലാ ശത്രുക്കളെയും പുറത്താക്കി.

ബ്രിട്ടീഷുകാർ ഖലീഫയായി വാഴിച്ചിരുന്ന സുൽത്താൻ വഹീദുദ്ദീൻ (سُلْطَانْ وَحِيدُ الدِّين) നാടുവിട്ടു.

ദേശീയ വാദികൾ അബ്ദുൽ മജീദിനെ (عَبْدُ الْمَجِيدْ) ഖലീഫയാക്കി


1923-ൽ തുർക്കി രാജഭരണം അവസാനിപ്പിച്ച് ജനാധിപത്യ ഭരണക്രമം അംഗീകരിച്ചു.

1924 മാർച്ച് മൂന്നിന് ഖിലാഫത്ത് നിർത്തലാക്കി.

അതോടെ 419 വർഷം നീണ്ടു നിന്ന ഉസ്മാനിയ്യ ഖിലാഫത്ത് അവസാനിച്ചു.

പിന്നീട് തുർക്കിയിൽ അധികാരത്തിലേറിയ മത വിരുദ്ധനായ മുസ്ത്വഫാ കമാൽ അതാതുർക്ക്

(مُصْطَفَى كَمَالْ أَتَاتُرْكْ) ശറഈ കോടതികൾ നിർത്തലാക്കുകയും മതപാഠ ശാലകളും അറബി ഭാഷാ പഠനവും നിരോധിക്കുകയും ഹിജ്റി കലണ്ടർ മാറ്റുകയും വെള്ളിയാഴ്ചയിലെ അവധി ഞായറാഴ്ചയാക്കുകയും തുർക്കി ഭാഷ അറബി ലിപിക്ക് പകരം ലാറ്റിൻ ലിപിയിലാക്കുകയും ചെയ്തു.

എന്നാൽ അള്ളാഹുവിന്റെ അനുഗ്രഹത്താൽ തുർക്കി 1940-ന് ശേഷം ഇസ്‌ലാമിക പാതയിലേക്ക് തിരിച്ചു വന്നു.



اَلدُّعَاء

اَللّٰهُمَّ أَصْلِحْ وُلَاةَ أُمُورِنَا وَوُلَاةَ أُمُورِ الْمُسْلِمِينَ وَوَفِّقْهُمْ لِمَا فِيهِ صَلَاحُ الدِّينِ وَالدُّنْيَا.
അള്ളാഹുവേ, ഞങ്ങളുടെ ഭരണാധികാരികളെയും മുസ്‌ലിംകളുടെ ഭരണാധികാരികളെയും നീ നന്നാക്കേണമേ. ദീനിനും ദുനിയാവിനും നന്മയുള്ള കാര്യങ്ങൾ ചെയ്യാൻ അവർക്ക് നീ തൗഫീഖ് നൽകുകയും ചെയ്യേണമേ


Post a Comment

أحدث أقدم