കുഴപ്പങ്ങളും യുദ്ധങ്ങളും

ലോകത്ത് അന്ത്യനാൾ വരുന്നതിന് മുമ്പ് പ്രധാന സംഭവങ്ങളെ കുറിച്ച് നബി ﷺ സമൂഹത്തെ അറിയിച്ചിട്ടുണ്ട്.
അതിലൊന്നാണ് വലിയ യുദ്ധങ്ങൾ.
നബി t പറഞ്ഞു: കാലം പരസ്പരം അടുക്കും, അറിവ് കുറയും, പിശുക്ക് വർദ്ധിക്കും, കുഴപ്പങ്ങൾ പ്രത്യക്ഷപ്പെടും, കൊലപാതകം വർദ്ധിക്കും (ബുഖാരി).
ഈ ഹദീസിൽ പ്രവചിച്ചത് പോലെ വലിയ കൊലപാതകങ്ങൾ നടന്ന സംഭവങ്ങളാണ് കുരിശുയുദ്ധവും താർത്താരികളുടെ ആക്രമണവും. 


കുരിശുയുദ്ധങ്ങൾ

മുസ്‌ലിംകളുടെ വളർച്ചയിലും പുരോഗതിയിലും ക്രിസ്ത്യാനികൾ അസൂയ വെച്ച് പുലർത്തി.

എന്നാൽ മുസ്‌ലിംകളെ നേരിടാനുള്ള ആശയപരമോ സൈനികമോ ആയ ശക്തി അവർക്കുണ്ടായിരുന്നില്ല.

അബ്ബാസി ഖിലാഫത്ത് ബലഹീനമാവുകയും മുസ്‌ലിം ലോകത്ത് ധാരാളം ചെറു രാജ്യങ്ങൾ ഉടലെടുക്കുകയും അവ പരസ്പരം പോരടിക്കുകയും ചെയ്യുന്നത് കണ്ട ക്രിസ്ത്യാനികൾ മുസ്‌ലിം പ്രദേശങ്ങൾ കീഴടക്കാൻ ശ്രമിച്ചു.
അവർ സിറിയ, ഈജിപ്ത്, സ്പെയിൻ, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിൽ ആക്രമണം അഴിച്ചു വിടുകയും അധിനിവേശ ശ്രമം നടത്തുകയും ചെയ്തു. ഇവ കുരിശുയുദ്ധങ്ങൾ എന്ന പേരിൽ കുപ്രസിദ്ധമായി.

എ.ഡി 1071-ൽ നടന്ന മാൻസികാർട്ട് യുദ്ധത്തിൽ സെൽജൂഖി ഭരണാധികാരി അലബ് അർസലാൻ ബൈസാന്റിയൻ ചക്രവർത്തി റൊമാനുസ് നാലാമനെ പരാജയപ്പെടുത്തി അദ്ദേഹം ജൈത്രയാത്ര തുടർന്നു.

ഈ സന്ദർഭത്തിൽ ചക്രവർത്തി സഹായമഭ്യർത്ഥിച്ച് കൊണ്ട് പോപ്പിന് കത്തെഴുതി. അദ്ദേഹത്തിന്റെ ആഹ്വാന പ്രകാരം വൻ സൈന്യം രൂപപ്പെട്ടു. സൈനികർ കുരിശ് ധരിച്ചാണ് യുദ്ധത്തിൽ പങ്കെടുത്തത്. അതിനാലാണ് കുരിശുയുദ്ധം എന്ന പേര് വന്നത്.

[ മാൻസികർട്ട് (Manzikert): എ.ഡി 1071-ൽ സെൽജൂഖി തുർക്കികളും ബൈസാന്റിയൻ സാമ്രാജ്യവും തമ്മിൽ നടന്ന ചരിത്രപ്രസിദ്ധമായ യുദ്ധമാണ് മാൻസികർട്ട് യുദ്ധം (Battle of Manzikert). കുരിശുയുദ്ധങ്ങൾക്ക് തുടക്കം കുറിക്കാൻ പ്രധാന കാരണമായത് ഈ യുദ്ധത്തിലെ ബൈസാന്റിയൻ പരാജയമാണ്.

ബൈസാന്റിയൻ (Byzantine): പ്രാചീന റോമൻ സാമ്രാജ്യത്തിന്റെ കിഴക്കൻ ഭാഗമാണ് ബൈസാന്റിയൻ സാമ്രാജ്യം (Byzantine Empire) എന്ന് അറിയപ്പെടുന്നത്. കോൺസ്റ്റാന്റിനോപ്പിൾ (ഇന്നത്തെ ഇസ്താംബുൾ) ആയിരുന്നു ഇതിന്റെ തലസ്ഥാനം

പോപ്പ് (Pope): ലോകമെമ്പാടുമുള്ള കത്തോലിക്കാ ക്രിസ്ത്യാനികളുടെ പരമോന്നത ആത്മീയ നേതാവാണ് പോപ്പ് അഥവാ മാർപ്പാപ്പ. ]

വടക്ക് ഏഷ്യാ മൈനർ മുതൽ ഈജിപ്ത് വരെയും കിഴക്ക് ഇറാഖ് മുതൽ പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രം വരെയും വ്യാപിച്ച് കിടക്കുന്ന പ്രദേശത്ത് രണ്ട് നൂറ്റാണ്ട് കാലം കുരിശുയുദ്ധം നടന്നു.

ലക്ഷക്കണക്കിന് ജനങ്ങൾ മരിച്ചു വീണു. വൻ നാശനഷ്ടങ്ങളുണ്ടായി.

ഒന്നാം കുരിശുയുദ്ധത്തിൽ യൂറോപ്യർ സിറിയയിൽ അധിനിവേശം നടത്തി. എന്നാൽ പിന്നീട് സ്വലാഹുദ്ദീൻ അയ്യൂബി അവരിൽ നിന്ന് ഈ പ്രദേശങ്ങളും ഖുദ്സും മോചിപ്പിച്ചു. മൂന്നാം കുരിശുയുദ്ധത്തിൽ യൂറോപ്യർക്ക് ചെറിയ നേട്ടങ്ങളുണ്ടായി. എന്നാൽ പിന്നീട് നടന്ന ആറ് യുദ്ധങ്ങളിലും കുരിശു യോദ്ധാക്കൾ പരാജയപ്പെടുകയാണുണ്ടായത്.

അവസാനം ഉസ്മാനികൾ കോൺസ്റ്റാന്റിനോപ്പിൾ അധീനപ്പെടുത്തുകയും യൂറോപ്പിൽ പല പ്രദേശങ്ങളും ജയിച്ചടക്കുകയും ചെയ്തതോടു കൂടി യൂറോപ്യരുടെ എല്ലാ സ്വപ്നങ്ങളും തകർന്നുവീണു.

[ ഏഷ്യാ മൈനർ (Asia Minor):
ഇന്നത്തെ ഏഷ്യൻ തുർക്കി (Turkey) ഉൾപ്പെടുന്ന ഭൂപ്രദേശമാണ് ചരിത്രത്തിൽ 'ഏഷ്യാ മൈനർ' എന്നറിയപ്പെടുന്നത്. മൂന്ന് ഭാഗവും കടലിനാൽ ചുറ്റപ്പെട്ട ഒരു ഉപദ്വീപാണിത്. ]

യുദ്ധ വേളയിൽ മുസ്‌ലിം ലോകത്ത് കണ്ട വൈജ്ഞാനിക ഉണർവും ശാസ്ത്ര പരിജ്ഞാനവും നാഗരിക വളർച്ചയും യൂറോപ്യരുടെ കണ്ണ് തുറപ്പിച്ചു.

അവർ മുസ്‌ലിംകളുടെ വിജ്ഞാനവും സംസ്കാരവും പഠിക്കാനും പകർത്താനും തയ്യാറായി. ഇത് പിൽക്കാലത്ത് യൂറോപ്യൻ നവോത്ഥാനത്തിന് അടിത്തറ പാകി.

മുസ്‌ലിംകളെ ആയുധ ബലം കൊണ്ട് തോൽപ്പിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കി ക്രിസ്തു നേതൃത്വം അറബി ഭാഷയും ഇസ്‌ലാമിക വിജ്ഞാനങ്ങളും പഠിച്ച് അവയിൽ രചന നടത്തുകയും ഇസ്‌ലാമികാശയങ്ങൾ വികലമായി അവതരിപ്പിക്കുകയും മുസ്‌ലിം പണ്ഡിതന്മാരെ മോശക്കാരായി ചിത്രീകരിക്കുകയും ചെയ്തു.

ഈ ശ്രമങ്ങൾ ഓറിയന്റലിസം എന്ന പേരിൽ അറിയപ്പെടുന്നു.

അവരുടെ കുതന്ത്രങ്ങൾക്ക് വിധേയരായി മുസ്‌ലിം ലോകത്ത് പല അവാന്തര വിഭാഗങ്ങളും രൂപപ്പെട്ടു.

കുരിശുയുദ്ധം കഴിഞ്ഞ് സമാധാനത്തിലേക്ക് കടക്കുമ്പോഴേക്കും മറ്റൊരു പരീക്ഷണത്തിന് മുസ്‌ലിം ലോകം സാക്ഷിയായി.

തുർക്കി വംശജരായ മംഗോളിയൻ താർത്താരിയൻ ആക്രമണമായിരുന്നു അത്.
മംഗോളിയനായ തിമൂജിൻ(Temujin), ചെങ്കിസ് ഖാൻ എന്ന പേര് സ്വീകരിച്ച് മംഗോളിയൻ താർത്താരി ഗോത്രങ്ങളെ ഏകോപിപ്പിച്ച് റഷ്യയിൽ സാറായ് ആസ്ഥാനമായി ഒരു രാഷ്ട്രം സ്ഥാപിച്ചു.

മുസ്‌ലിംകളോട് ഏറ്റുമുട്ടി പരാജയപ്പെട്ട ക്രിസ്ത്യാനികൾ മുസ്‌ലിം രാഷ്ട്രങ്ങളെ ആക്രമിക്കാൻ ചെങ്കിഷ് ഖാനെ പ്രേരിപ്പിച്ചു.

ആയിടെ ചെങ്കിഷ് ഖാനുമായി വ്യാപാര കരാറിലുണ്ടായിരുന്ന ഖവാറസ്മ് ഷാ ഖാന്റെ ദൂതനെ വധിച്ചു.

ബഗ്ദാദ് അധിനിവേശത്തിന് ഒരുങ്ങിയ ഖവാറസ്മ് ഷായെ ആക്രമിക്കാൻ അബ്ബാസി ഖലീഫ നാസ്വിറും ചെങ്കിസ് ഖാനെ പ്രേരിപ്പിച്ചു.

സാഹചര്യം ഒത്തുവന്ന ചെങ്കിസ് ഖാൻ ഖവാറസ്മ് ഷായെ പരാജയപ്പെടുത്തി. ബുഖാറ, സമർഖന്ദ് തുടങ്ങി പട്ടണങ്ങളെല്ലാം തകർത്ത് കിഴക്കൻ മുസ്‌ലിം രാജ്യങ്ങളെല്ലാം കീഴടക്കി.

ചെങ്കിഷ് ഖാന്റെ മരണ ശേഷം പൗത്രൻ ഹുലാകൂ ഖാൻ ബഗ്ദാദിൽ സുന്നി-ശിയാ വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിലിടപെട്ടു.

ഖലീഫ മുഅ്തസ്വിമിന്റെ മന്ത്രിയും ശിയാ വിശ്വാസിയുമായ മുഅയ്യിദുദ്ദീന്റെ ക്ഷണ പ്രകാരം ഹുലാകൂ ബഗ്ദാദ് ആക്രമിച്ചു കീഴടക്കുകയും പട്ടണം തകർത്ത് തരിപ്പണമാക്കുകയും 11 ലക്ഷത്തിലധികം ആളുകളെ കൊലപ്പെടുത്തുകയും ചെയ്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങളും മസ്ജിദുകളും ലൈബ്രറികളും തകർത്ത്, ഗ്രന്ഥങ്ങൾ നദിയിലെറിഞ്ഞു. അത് കാരണം ടൈഗ്രിസ് നദിയിൽ വെള്ളം മഷിയുടെ നിറമായി മാറി.

ഹിജ്റ 656 ലാണ് ഈ ദാരുണ സംഭവമുണ്ടായത്. ഭൗതിക പ്രേമവും അനൈക്യവും കാരണം മുസ്‌ലിംകൾ അല്ലാഹു തആലായുടെ പരീക്ഷണത്തിന് വിധേയരാവുകയായിരുന്നു.

പിൽക്കാലത്ത് മംഗോളിയൻ വംശത്തിൽ പലരും ഇസ്‌ലാം ആശ്ലേഷിച്ചു. അവരിൽ ചിലർ മുസ്‌ലിം ഭരണാധികാരികളും ഇസ്‌ലാമിന്റെ സംരക്ഷകരുമായി മാറി.

ഇന്ത്യ ദീർഘ കാലം ഭരിക്കുകയും ഇന്ത്യക്കും മുസ്‌ലിംകൾക്കും വലിയ സംഭാവനകളർപ്പിക്കുകയും ചെയ്ത മുഗളന്മാർ ഈ വംശത്തിലെ അംഗങ്ങളാണ്.


الدُّعَاء

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ، وَمِنْ عَذَابِ النَّارِ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ، وَمِنْ فِتْنَةِ الْمَسِيحِ الدَّجَّالِ

അല്ലാഹുവേ, ഖബറിലെ ശിക്ഷയിൽ നിന്നും, നരക ശിക്ഷയിൽ നിന്നും, ജീവിതത്തിലെയും മരണത്തിലെയും ഫിത്‌നകളിൽ നിന്നും, മസീഹുദ്ദജ്ജാലിന്റെ കുഴപ്പത്തിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു.

 

Post a Comment

Previous Post Next Post